ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിംഗ് ഗ്യാംഗുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകൾ അദ്ദേഹം പാർലമെന്റിൽ വായിച്ചു. സ്വതന്ത്ര അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ലോകമറിയണമെന്നും ഇനിയെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്യാംഗുകൾക്ക് പാക് പശ്ചാത്തലമുണ്ടെന്നാണ് എംപി പറയുന്നത്.
ആസൂത്രിതമായ ലൈംഗിക അതിക്രമം, അതിക്രൂരമായ ആക്രമണം, പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ എന്നിവയെക്കുറിച്ച് അതിജീവിതകളുടെ വെളിപ്പെടുത്തലാണ് പാർലമെന്റിൽ വായിച്ചത്. റൂപർട്ട് ലോയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന സ്വതന്ത്ര അന്വേഷണത്തിൽ യുകെയിലെ 85-ലധികം പ്രദേശങ്ങളിൽ ഗ്യാംഗുകൾ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ മാഫിയകളിൽ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ള പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികളെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി ഭീഷണിപ്പെടുത്തി ദീർഘകാലം ചൂഷണം ചെയ്യുന്നതിനെയാണ് ‘ഗ്രൂമിംഗ് ഗ്യാംഗ്സ്' എന്ന് വിളിക്കുന്നത്. റോഥർഹാം, റോച്ച്ഡേൽ, ഓൾഡ്ഹാം തുടങ്ങിയ നഗരങ്ങളിൽ ഇത്തരം മാഫിയകളെ കണ്ടെത്തിയെന്നാണ് സ്വതന്ത്രാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ തങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പറഞ്ഞാണ് റൂപർട്ട് ലോ പ്രസംഗം അവസാനിപ്പിച്ചത്.